ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്പേരി പ്രദേശത്ത് റോഡുകൾ കുത്തിപ്പൊളിച്ചത് പൂർവസ്ഥിതിയിലാക്കാത്തതിനെതിരെ ജനകീയ സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ജനകീയ സമിതി അംഗമായ അഡ്വ. സജി സക്കറിയാസ് മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുജനങ്ങൾ നേരിടുന്ന യാത്രാദുരിതങ്ങളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി.
റോഡുകൾ കുത്തിപ്പൊളിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായും ഒരു വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പെടെ നിരവധി അപകടങ്ങൾ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് ഹർജി. ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയതായി ഹർജിയിൽ ആരോപിക്കുന്നു.
പ്രദേശവാസികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുന്നതിനുമായി കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ജനകീയ സമിതി നേതാക്കളായ ജോമി ചാലിൽ, വിനു കാഞ്ഞിരത്തിങ്കൽ, നിഖിൽ കിടങ്ങതാഴെ, റോണി മരുതംകുഴി, ബിജു ഈട്ടിക്കൽ തുടങ്ങിയവർ അറിയിച്ചു.